ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാര്യം തനിച്ചാവുക എന്നതാണ്. അതറിയുന്നത് കൊണ്ടാവാം നമ്മുടെ നിയമങ്ങൾ ഒരു കുറ്റവാളിയെ ജയിലിനകത്ത് കിടത്തുന്നത്. പ്രിയപ്പെട്ടവരെ കാണിക്കാതെ ഒരു സ്ഥലത്ത് കുറച്ച് കാലം പൂട്ടിയിട്ടാൽ ഉണ്ടാകുന്ന മാനസിക പ്രയാസം തന്നെയാണ് ലോകത്തേറ്റവും വലിയ ശിക്ഷ എന്ന് അവരും തിരിച്ചറിയുന്നു. ജയിലിൽ പോകാതെ തന്നെ ഈ ശിക്ഷ സ്വയം വാങ്ങിക്കൂട്ടുന്നവരാണ് നാട് വിട്ട് പ്രവാസം തെരഞ്ഞെടുക്കുന്ന മഹാഭൂരിഭാഗം പേരും. ഈ തനിച്ചാകുന്ന നേരം, മാതാപിതാക്കളുടെ തളർച്ചയും, മക്കളുടെ വളർച്ചയും, ഭാര്യയുടെ വിളർച്ചയുമൊക്കെ ഇന്നത്തെ കാലത്ത് ഒരു ചില്ലിനപ്പുറത്ത് കാണാൻ സാധിക്കുന്നു എന്ന ആശ്വാസം മാത്രം ബാക്കിയാകുന്നു.
ആഘോഷങ്ങളുടെ ദിനങ്ങളാണ് ഇപ്പോൾ പ്രവാസലോകത്ത് കടന്നുപോകുന്നത്. ആഘോഷ രാവുകളെ സമ്പന്നമാക്കാൻ ആവശ്യമില്ലാത്തതൊക്കെ വാരിവലിച്ച് ശരീരത്തിലേയ്ക്ക് കയറ്റിവെക്കുന്നവരാണ് ഇവിടെയുള്ള വലിയൊരു വിഭാഗം പേർ. പ്രത്യേകിച്ച് നിയന്ത്രിക്കാൻ ആരുമില്ലാത്തവർക്ക് ഇത് ഒരു ശീലമാണ് താനും. ഇതിന്റെ ഭാരം താങ്ങാൻ പറ്റിയില്ലെങ്കിൽ ശരീരം പ്രതികരിക്കും. ചിലപ്പോൾ അത് ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യും.
ഇതിനിടെ ബഹ്റൈനിൽ നടന്ന ഒരു മരണം ഓർക്കുന്നു. രാത്രിയിലെപ്പോഴോ ഹൃദയാഘാതം വന്ന് മുറിയിൽ മരിച്ചുവീണ അദ്ദേഹത്തെ സുഹൃത്തുക്കൾ കണ്ടെത്തുന്നത് ഒരു പകൽ അസ്തമിച്ച് പിറ്റേന്നായിരുന്നു. അതു കൊണ്ട് പറയാനുള്ളത് പ്രവാസലോകത്തുള്ളവരോടാണ്. നിങ്ങൾക്കുമുണ്ടാകാം തനിയെ താമസിക്കുന്ന സുഹൃത്തുക്കൾ. അവരെ ഇടയ്ക്ക് ഒക്കെ ഒന്ന് വിളിക്കുക. സുഖാന്വേഷണം നടത്തുക.