തുടർച്ചയാകേണ്ട സന്തോഷങ്ങൾ

സന്തോഷങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇത്ര ദിവസം നീണ്ടു നിൽക്കുന്നത്.. അല്ലെങ്കിൽ ഇത്ര മണിക്കൂർ നീണ്ടു നിൽക്കുന്നത് എന്നിങ്ങിനെയാകും ആ സന്തോഷങ്ങൾക്ക് നമ്മൾ നൽകുന്ന പരിധി. അതേസമയം സന്തോഷ തുടർച്ച സൃഷ്ടിക്കാൻ സാധിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിതത്തിന്റെ ഓരോ കണികകളും ആസ്വദിച്ച് മുമ്പോട്ട് പോകുന്നവർ. ഇതിനിടെ നേരിട്ട് പരിചയമില്ലെങ്കിലും, ഫേസ് ബുക്കിലൂടെ ഇടയ്ക്ക് രസകരമായ തമാശകൾ ചാറ്റ് ബോക്സിലൂടെ പങ്കിടാറുള്ള ഒരു സുഹൃത്തിനോട് താങ്കൾക്ക് എങ്ങിനെ ഈ രീതിയിൽ തമാശകളൊക്കെ പറയാൻ സാധിക്കുന്നു എന്നു ചോദിചപ്പോൾ അദ്ദേഹം പറഞ്ഞത് ജീവിതത്തിന്റെ വില മനസിലാക്കുന്നത് കൊണ്ട് എന്നായിരുന്നു.

കാരണം ചികഞ്ഞപ്പോൾ, ഒരു വർഷത്തോളമായി അദ്ദേഹത്തിന് ശ്വാസകോശത്തിൽ അർബ്ബുദമാണത്രെ. എപ്പോൾ വേണമെങ്കിലും സങ്കീർണമാകാവുന്ന തരത്തിൽ രോഗം കൂടിയും കുറഞ്ഞും വന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഏതൊരാളെയും പോലെ ഞാൻ ഒരു സോറി പറഞ്ഞപ്പോൾ അത് മാത്രം പറയരുതെന്നായിരുന്നു ആ സുഹൃത്തിൻ്റെ മറുപടി. ആരോടും ഈക്കാര്യം തുറന്നുപറയാത്തത് ഈ സോറി പറച്ചിൽ കേൾക്കാൻ സാധിക്കാത്തത് കൊണ്ടാണെന്നും, മരണം ആർക്കും ഏത് നേരത്തും സംഭവിക്കാമെന്ന ധാരണ ഉള്ളത് കൊണ്ട് തന്നെ നമുക്ക് ലഭിക്കുന്ന ഓരോ നിമിഷവും ബോണസാണെന്ന ഉത്തമബോധ്യമാണ് തനിക്ക് ഈ രോ​ഗം നൽകിയതെന്നും അദ്ദേഹം പറഞ്ഞപ്പോൾ വലിയ ബഹുമാനമാണ് തോന്നിയത്.

വലിയ സങ്കടങ്ങൾ വരാത്തവർക്കാണെന്ന് തോന്നുന്നു, ചുറ്റിലും സൂര്യൻ ഉദിക്കുന്നതും, അസ്തമിക്കുന്നതും, നിലാവ് പരക്കുന്നതും, തണുപ്പും, ചൂടും മാറി വരുന്നതുമൊക്കെ അനുഭവിക്കാൻ പറ്റാത്തത്. പ്രിയപ്പെട്ടവർ ചെയ്തു തരുന്ന ചെറുതും വലുതുമായ കാര്യങ്ങൾ തിരിച്ചറിയാൻ പോലും ഇവർ മറന്നു പോകുന്നു. ഇവയ്ക്കൊക്കെ ഒരു വിലയിട്ട് തുടങ്ങിയാൽ പതിയെ ഒരു സന്തോഷം അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് തോന്നുന്നത്.

ഓരോ ദിവസവും ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് തന്നെ എത്ര സന്തോഷകരമായ അനുഭവമാണ്. കോടിക്കണക്കിന് പേർ ആ ഉറക്കത്തിനിടയിൽ നിത്യനിദ്ര പ്രാപിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് ശ്വാസമെടുക്കാനെങ്കിലും സാധിക്കുന്നുവെങ്കിൽ അതും മൂല്യമുള്ള കാര്യം തന്നെ. അതറിയണമെങ്കിൽ ഐസിയുവിലെ ഓക്സിജൻ സിലിണ്ടറിന്റെ വില ഓർത്താൽ മതി. ഇങ്ങിനെ ജീവന്റെ ഓരോ കണികയിലും നമുക്ക് ലഭിക്കുന്നതിന് ഒരു മൂല്യമിട്ടു തുടങ്ങിയാൽ ജീവിതം ആനന്ദമല്ലാതെ മറ്റെന്താണ്…😊