നിറങ്ങളുടെ രാഷ്ട്രീയം…
മഴവില്ലിന് ഏഴ് നിറങ്ങളാണ്. ഇതിലെ ഓരോ നിറവും നമ്മളിൽ നിറയ്ക്കുന്നത് വ്യത്യസ്തമായ വികാരങ്ങളാണ്. ആ ഏഴ് നിറങ്ങൾക്ക് പുറമേ പിന്നെയും എത്രയോ നിറങ്ങളുണ്ട്. ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നോക്കിയാൽ നീലനിറത്തിന് പുറമേ വ്യത്യസ്തകരമായ നിറചാർത്തുകൾ പരക്കുന്നത് കാണാം. കടലിന്റെ ആഴങ്ങളിലേയ്ക്ക് പോയിട്ടുള്ളവർ പറയുന്നത് ഭൂമിയിൽ കാണാത്ത നിറങ്ങൾ അവിടെ ഒളിഞ്ഞിരിക്കുന്നു എന്നാണ്. ചുറ്റുമുള്ള പൂക്കൾക്കും, പൂമ്പാറ്റകൾക്കും , പക്ഷികൾക്കും, മരങ്ങൾക്കുമൊക്കെ എന്തെന്ത് നിറങ്ങളാണ് ഉള്ളത്. നിറങ്ങൾക്ക് ആത്മാവ് പോലുമുണ്ട്. ആ ആത്മാവിനെ മനസിലാക്കുന്നവരാണ് നിറങ്ങളുമായി സംവദിക്കുന്നവർ. ചിത്രം വരയ്ക്കുന്നവർ മുതൽ മനോഹരമായ വർണ്ണങ്ങളിൽ ഉടയാടകൾ തയ്ക്കുന്നവർ വരെ ആ ഗണത്തിൽ പെടുന്നു. ചില നിറങ്ങൾക്ക് തീഷ്ണത കൂടുതലാണെങ്കിൽ ചിലത് മങ്ങിയിരിക്കും. ചിലത് മറ്റു നിറങ്ങളോട് കൂടി ചേരുന്നതാണെങ്കിൽ ചിലതിനെ തനിയെ മാത്രമേ തിരിച്ചറിയാനാകൂ. ചില നിറങ്ങൾ കഥകൾ പറയും, ചിലത് കവിതകൾ ചൊല്ലും, ചിലത് പാട്ടുകൾ പാടും. ചിലത് ഒന്നും മിണ്ടാതെ ഒരു മൂലയിൽ ഒതുങ്ങികൂടും.
ജനനം മുതൽ നിറങ്ങളെ ഇന്ന് മനുഷ്യൻ വിഭജിക്കുന്നുണ്ട്. ആൺകുഞ്ഞാണെങ്കിൽ നീല നിറമുള്ള വസ്ത്രങ്ങളും, പെൺകുഞ്ഞാണെങ്കിൽ പിങ്ക് നിറമുള്ള ഉടുപ്പും നൽകി ഡെലിവറി മുറികളിൽ തന്നെ ഈ വിവേചനം ആരംഭിക്കുന്നു. കുറച്ചു കൂടി മുതിർന്നാൽ ശരീരത്തിന്റെ നിറം ഒരു പ്രശ്നമായി തുടങ്ങും. കറുത്തിട്ടാണെങ്കിൽ വെളുത്തവനോട് ഒരിത്. അല്ലെങ്കിൽ മറിച്ചും. കറുത്തവനാണെങ്കിൽ കറുമ്പൻ, വെളുത്തവനാണെങ്കിൽ സായിപ്പ്. ഒരു പ്രായം കഴിയുയുമ്പോൾ ശരീരത്തോടൊപ്പം മനസും നിറംമാറി തുടങ്ങുന്നു. മനസിന്റെ വേവലാതി മാറ്റാൻ ഇഷ്ടദൈവത്തിന്റെ അരികിൽ എത്തുമ്പോൾ അവിടെയും കാണും നിരവധി നിറവ്യത്യാസങ്ങൾ. പച്ചയും, കാവിയും, കറുപ്പും, വെളുപ്പും, നീലയും, മഞ്ഞയുമൊക്കെ വ്യത്യസ്ത ദൈവദാസമാർ സ്വന്തമാക്കി വെച്ചതായി അപ്പോൾ മനസിലാകും. കാവി നിറമുള്ള മുണ്ട് ധരിച്ചാൽ, നെറ്റിയിൽ കുങ്കുമത്തിന്റെ ഇളംചുകപ്പ് പടർന്നാൽ, നിസ്കാര തഴമ്പിന്റെ കറുപ്പ് കണ്ടാൽ, മറ്റുള്ളവർക്ക് നമ്മൾ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആൾ മാത്രമായി ചുരുങ്ങുന്നുവെന്നും മനസിലാക്കി തുടങ്ങും. ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ട് വെറും ഒരു മനുഷ്യനായി മാറാൻ ശ്രമിച്ചാൽ നമ്മെ തേടി വരുന്നത് എണ്ണിയാലൊടുങ്ങാത്ത ആദർശങ്ങളുടെയും, അഭിപ്രായങ്ങളുടെയും നിരവധി നിറവ്യത്യാസങ്ങൾ ആയിരിക്കും. അവിടെ കൈയിൽ പിടിക്കുന്ന, ചിലപ്പോൾ വെച്ചുതരുന്ന പലവർണത്തിലുള്ള കൊടികളാണ് പ്രശ്നം. ഒരു കൊടിക്കുമൊപ്പം നിന്നില്ലെങ്കിൽ നിങ്ങളെ അവർ ബഹിഷ്കരിക്കും. ഒടുവിൽ നിങ്ങളെ നിറമില്ലാത്തവനാക്കി മാറ്റും.
നിറവുമായി ബന്ധപ്പെട്ട് ഒരു ഗുണപാഠകഥ കൂടി ഓർമ്മിപ്പിക്കാം. നീലകുറുക്കന്റെ കഥ. കാട്ടിലെ കൗശലക്കാരനായിരുന്ന ഒരു കുറുക്കൻ അബദ്ധത്തിൽ ഒരു അലക്കുകാരന്റെ വീട്ടിൽ ചെന്നെത്തുകയും, അവിടെ തുണിയിൽ മുക്കാൻ നീലം കലക്കി വച്ചിരുന്ന പാത്രത്തിൽ വീണുപോവുകയും ചെയ്തു. നീലത്തിൽ വീണ അവന്റെ നിറം അങ്ങിനെ നീലയായി മാറി. ഇത്തരത്തിൽ നീല നിറമുള്ള മൃഗങ്ങളെ കണ്ടിട്ടില്ലാത്ത കാട്ടിലെ മറ്റു മൃഗങ്ങൾ കുറുക്കനെ കണ്ട് ഭയപ്പെട്ട് അവനെ അവരുടെ രാജാവാക്കി. തന്റെ വർഗ്ഗത്തിൽപ്പെട്ട മറ്റു കുറുക്കന്മാർ ഈ കാട്ടിൽ കഴിയുന്നത് തന്റെ നില എപ്പോഴെങ്കിലും പരുങ്ങലിലാക്കുമെന്ന് തോന്നിയ നീല കുറുക്കൻ അവരെ അവിടെ നിന്നും പുറത്താക്കി ഭരണം തുടങ്ങി. സാഹചര്യങ്ങൾ പരമാവധി മുതലെടുത്ത നീലകുറക്കൻ ക്രമേണ അധികാരം തലയ്ക്ക് പിടിച്ചു. അതോടെ അവൻ ക്രൂരനായി മാറി. അങ്ങനെയിരിക്കെ ഒരു ദിവസം കാട്ടിൽ നടന്ന ഒരു ആഘോഷം കഴിഞ്ഞ്, നീലകുറുക്കൻ രാജാവ് വിശ്രമിക്കുന്ന നേരത്ത് തങ്ങൾ ആഘോഷത്തിൽ പങ്കെടുപ്പിക്കാതിരുന്നതിൽ നിരാശരായ കുറുക്കന്മാർ കാടിനു പുറത്ത് കൂട്ടം കൂടി നിന്ന് ഓരിയിട്ട് തങ്ങളുടെ പ്രതിഷേധമറിയിച്ചു. അരമനയിൽ പാതി മയക്കത്തിലായിരുന്ന നീലകുറുക്കൻ വളരെ നാളുകൾ കഴിഞ്ഞ് കേട്ട ആ ഓരിയിടലിൽ സ്വയം മറന്നു. അവൻ ഒന്നും ചിന്തിക്കാതെ തിരികെ ഓരിയിട്ടു. ഇത് വെറും കുറുക്കനാണെന്ന് മനസിലാക്കിയ മറ്റു മൃഗങ്ങൾ എല്ലാവരും കൂടി അവനെ വളഞ്ഞിട്ട് പൊതിരെ തല്ലി കാട്ടിൽ നിന്നും ഓടിച്ചു.
ഓർമ്മിപ്പിച്ചു എന്നു മാത്രം..