മനുഷ്യർ തമ്മിൽ ഒന്ന് ഹസ്തദാനം ചെയ്യുവാനോ, പരസ്പരം ഒന്ന് ആശ്ലേഷിച്ച് വർത്തമാനം പറയാനോ മറന്നുപൊകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊകുന്നത്. രണ്ട് ലിംഗത്തിൽ പെട്ടവർ പരസ്പരം തൊടുന്നത് പൊലും ചീത്ത വാർത്തയാക്കുന്ന സമൂഹമായി മാറിയിരിക്കുന്നു നമ്മുടേത്. ഇങ്ങിനെ ഒരു അവസ്ഥ ശരിക്കും വേദനിപ്പിക്കുന്നതാണ്.മനുഷ്യർക്കിടയിൽ സ്പർശനം എന്നാൽ കാമം തീർക്കേണ്ട എന്തൊ ഒന്നായി മാറികൊണ്ടിരിക്കുന്ന ദുരവസ്ഥ.
കൈക്കുഞ്ഞുങ്ങളെ പൊലും എടുത്ത് ലാളിക്കാനോ കവിളത്ത് ഒരുമ്മ കൊടുക്കാനേൊ ഭയക്കുന്ന അവസ്ഥയിലയ്ക്ക് നമ്മിൽ പലരുമെത്തിയിരിക്കുന്നു. ഇതൊക്കെ പീഢനങ്ങളുടെ പരിധിയിൽ വരുമോ എന്നതാണ് ആശങ്ക. അതുപൊലെ തന്നെ നമ്മളെ എടുത്ത് വളർത്തിയവർക്ക് പ്രായമാകുമ്പോൾ , നാഡീഞരമ്പുകൾ ചുക്കിചുളിയുയുമ്പോൾ അവരെ ഒന്ന് തൊടാൻ പൊലും നമ്മൾ അറച്ചും, മടിച്ചും നിന്നുപൊകുന്നു. ഇതൊക്കെ ചെയ്യാൻ തങ്ങൾക്ക് പകരം ഒരു ഹൊം നേഴ്സിനെ വെച്ച് സംതൃപ്തി കൊള്ളുന്നു.
ഒരാളുടെ സ്പർശനത്തിൽ തന്നെ നമുക്ക് അയാളുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കുമെന്ന് പറയാറുണ്ട്. സൗഹൃദത്തിന്റെ കരുതലാണൊ, പ്രണയത്തിന്റെ നനവാണൊ, കാമത്തിന്റെ അസ്വസ്ഥയാണൊ എന്ന് ഈ സ്പർശനങ്ങളിലൂടെ തിരിച്ചറിയാനുള്ള ജന്മവാസന എല്ലാ മനുഷ്യർക്കുമുണ്ടെന്നതാണ് വാസ്തവം. പക്ഷെ ഇത് മറന്ന് കൊണ്ട് ആരും എന്നെ തൊടേണ്ട, ഞാനും ആരെയും തൊടില്ലെന്ന് പറഞ്ഞ് ജീവിക്കുന്നവരുടെ എണ്ണമാണ് ഇന്ന് വർദ്ധിച്ചു വരുന്നത്. അവർ സ്പർശനത്തിന്റെ വിലയറിയുക അവസാന നാളുകളിലാണ്. രോഗശയ്യയിൽ കിടക്കുമ്പോൾ കാണാനെത്തുന്നവർ, രോഗിയുടെ തളർന്ന് കിടക്കുന്ന കൈകളിൽ കുറച്ച് നേരം തടവിയാൽ തന്നെ വശങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന ജീവന്റെ വിലയുള്ള ഡ്രിപ്പ് തുള്ളികളേക്കാൾ എത്രയോ ഇരട്ടി ആശ്വാസമാണ് ലഭിക്കുക. ആ നേരത്ത് അവരുടെ കണ്ണുകളിൽ നിന്ന് ഒരു നീർച്ചാൽ ഒഴുകി വരും. അതിനെയാണ് സ്നേഹം എന്ന് വിളിക്കുന്നത്.
പൊസീറ്റീവായ ഇത്തരം നല്ല സ്പർശനങ്ങളാണ് ഏതൊരു മനുഷ്യനും എന്നും വേണ്ടത്. മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹം സ്നേഹം സ്വീകരിക്കാനും, അത് നൽകാനുമുള്ള കഴിവാണ്. അത് പൊസിറ്റീവായി, സത്യസന്ധമായി നൽകാൻ സാധിച്ചാൽ മരുന്നിന്റെ എണ്ണം കുറയ്ക്കാം.
ലോകത്ത് ഇത് ഏറ്റവുമധികം തെളിയിക്കുന്നത് തന്റെ കുട്ടിയൊന്ന് കാലിടറി വീണാൽ സ്നേഹത്തൊടെ വീണ്ടും കൈകളിലയ്ക്ക് വാരിയെടുക്കുന്ന, അവരുടെ നെറുകയിൽ ചുടുചുംബനങ്ങൾ നൽകി ആശ്വസിപ്പിക്കുന്ന മാതൃഹൃദയങ്ങളാണെന്ന് കൂടി ഓർക്കട്ടെ..