വെറുപ്പ് എന്ന രോഗാണു

ഈ ലോകത്ത് ഏറ്റവും അപകടകരമായ രോഗാണു ഏതാണെന്ന് ചോദിച്ചാൽ പല മാറാരോഗങ്ങളെ കുറിച്ചും മനസ് ഒന്ന് ചിന്തിക്കും. എന്നാൽ വെറുപ്പ് എന്ന വികാരമാണ് സത്യത്തിൽ ഏറ്റവും വലിയ വിഷ ബീജമെന്നാണ് പണ്ധിതർ പറയുന്നത്. മനുഷ്യന്റെ മനസിലേയ്ക്കും ബുദ്ധിയിലേയ്ക്കും ഈ രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ പലപ്പോഴും  അത് ശരീരത്തെയും ബാധിക്കുന്നു. കാര്യങ്ങളെ നിഷ്പക്ഷമായി കാണുവാൻ സഹായിക്കുന്ന കണ്ണുകളെ അന്ധമാക്കുകയും, നന്മ കേൾക്കാൻ കൊതിക്കുന്ന കാതുകളെ അടച്ച് വെച്ച് കേൾവിയെ ഇല്ലാതാക്കുവാനും ഈ രോഗാണുവിന് സാധിക്കുന്നു.

വ്യക്തികൾ തമ്മിൽ മാത്രമല്ല, രാഷ്ട്രങ്ങളും, പ്രസ്ഥാനങ്ങളും തമ്മിൽ വെറുപ്പുണ്ടാകുന്നു. അധികാരം സ്ഥാപിച്ചെടുക്കാനും, എതിരാളിയെ കീഴ്പ്പെടുത്താനും വെറുപ്പിന്റെ പ്രത്യയശാസ്ത്രം സഹായിക്കുന്നു. സാമുദായികതയും, വംശീയതയും, വർഗീയതയും ഒക്കെ ഇതേ രീതിയിലാണ് ശക്തി പ്രാപിക്കുന്നത്.  ഒരിക്കൽ വേര് പിടിച്ചു കഴിഞ്ഞാൽ വെറുപ്പിനെ വെട്ടിമാറ്റാൻ വലിയ ബുദ്ധിമുട്ടായിരിക്കും.  വെറുപ്പ് വലിയൊരു  രാഷട്രീയ ഉപകരണം കൂടിയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ നേട്ടങ്ങൾക്കായി ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഈ ഒരു രസതന്ത്രമാണ്. ശരീരത്തിന്റെ നിറം, ഭാഷയുടെ വ്യത്യാസം, ദേശത്തിന്റെ ആചാരം എന്ന് വേണ്ട എല്ലാ വ്യത്യസ്തകളും വെറുപ്പിന്റെ ജനയിതാക്കളായി മാറുന്നു.

വെറുപ്പ് ബാധിച്ച് കഴിഞ്ഞാൽ മനുഷ്യനെ കുറിച്ച് ഇവർ മറന്നുപോകുന്നു. വേദഗ്രന്ഥങ്ങളിലെ വാക്കുകളും, മഹദ് വചനങ്ങളുമെൊക്കെ പ്രഭാഷകർ ഉപയോഗിച്ചിരുന്ന കാലത്ത് നിന്ന് അതേ ഉദ്ധരണികളും വിലയിരുത്തലുകളുമൊക്കെ വർദ്ധിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നതും ദുഖകരമായ കാര്യമായി മാറിയിരിക്കുന്നു. എന്തായാലും വെറുപ്പിന്റെ ഈ ജനിതകശാസ്ത്രം മനുഷ്യകുലത്തോട് ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് പറയാതിരിക്കാൻ സാധ്യമല്ല തന്നെ.