ഇന്നത്തെ കാലത്ത് സ്വന്തം നിഴലിനെ പൊലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതന്ന് പറഞ്ഞ് സുഹൃത്ത് അവന്റെ മനസ് തുറന്നപ്പോൾ കാര്യമെന്തെന്ന് അറിയാനുള്ള ആകാംക്ഷ എന്നിലും വർദ്ധിച്ചു. ഏതോ ഒരു ദുർനിമിഷത്തിൽ അവൻ വർഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന കമ്പനിയെ കുറിച്ച് അവിടെ തന്നെ ജോലി ചെയ്യുന്ന മറ്റൊരാളാട് കുറച്ച് മോശമായ രീതിയിൽ പരാതി പറഞ്ഞുത്രെ. അദ്ദേഹം ആ ശബ്ദമെൊക്കെ റെക്കേൊർഡ് ചെയ്ത് കമ്പനിയുടെ മേലധികാരിക്ക് നൽകിയതോടെ സുഹൃത്തിന്റെ ജോലി പോവുകയും ചെയ്തു. എന്തായാലും അദ്ദേഹത്തിന്റെ അവസ്ഥയിൽ സഹതപിച്ചു കൊണ്ട് മറ്റൊരു ജോലി ലഭിക്കാനുള്ള സാധ്യതകളും പറഞ്ഞ് അദ്ദേഹത്തെ തത്കാലം സമാധാനിപ്പിച്ചു.
മുമ്പൊക്കെ സാങ്കേതിക വിദ്യ ഇത്രയും വളരാത്ത കാലത്ത് പരദൂഷണങ്ങളായിരുന്നു പാരകൾ പണിതതെങ്കിൽ ഇന്ന് അവനവൻ തന്നെയാണ് സ്വയം കുഴി കുഴിച്ച് വീണു പൊകുന്നത്. സ്മാർട്ട് ഫോണുകൾ വ്യാപകമായതേൊടെ വോയ്സ് റെക്കേൊർഡിങ്ങും, ഒളിക്യാമറയുമൊക്കെ സർവസാധാരണമായി കഴിഞ്ഞു. പറഞ്ഞത് പറഞ്ഞിട്ടില്ലെന്നോ, ചെയ്തത് ചെയ്തിട്ടില്ല എന്നോ പറയാൻ പറ്റാത്ത തരത്തിൽ പലരും കുടുങ്ങാനും തുടങ്ങി. ഈ സാഹചര്യം ജീവിതത്തെ ഏറെ സുതാര്യമാക്കുന്നുണ്ടെങ്കിലും സ്വകാര്യത എന്ന മൗലികമായ അവകാശവും മനുഷ്യന് നഷ്ടമാക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം കാണാതിരിക്കാൻ സാധിക്കില്ല.
വികാരങ്ങൾ മനുഷ്യന് മാറി മാറി വരുന്നത് സാധാരണയാണ്. സാഹചര്യങ്ങളാണ് പലപ്പൊഴും വികാരങ്ങളുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. വികാരത്തിന്റെ ഏറ്റകുറച്ചിലുകളാണ് ഓരോരുത്തരുടെയും ആശയസംവാദങ്ങളിൽ പ്രതിഫലിക്കുന്നത്. ദുർബല നിമിഷങ്ങളിൽ നടത്തുന്ന പൊട്ടിത്തെറികളും, അനാവശ്യ കമന്റുകളും പലപ്പോഴും അനാവശ്യമായി ശത്രുക്കളെ സൃഷ്ടിക്കാറുള്ള അനുഭവം ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. തുടക്കത്തിൽ പറഞ്ഞത് തന്നെ ഓർക്കട്ടെ. ഇവിടെ നിഴലിനെ പൊലും ഭയക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള ലോകം വിർച്ച്വൽ ലോകമാണ്. ഇവിടെ ഞാനും നിങ്ങളും ഒന്നും ഇന്ന് മനുഷ്യൻ മാത്രമല്ല, മറിച്ച് ഏതൊക്കെയോ സെർവറുകളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഡാറ്റാ ബേസ് കൂടിയാകുന്നു!!