പറയേണ്ടത് പറയേണ്ട സമയത്ത്…

പലരുടെയും ജീവിതപരാജയങ്ങളുടെ കണക്കുപുസ്തകം എടുത്ത് നോക്കിയാൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നോ എന്ന വാക്ക് പറയാനുള്ള ധൈര്യമില്ലായ്മയായിരിക്കും. തന്നെ അതിഗുരുതരമായി ബാധിക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും ആരെയും വേദനിപ്പിക്കാൻ വയ്യ എന്ന ഉദ്ദേശ്യത്തോടെ അല്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നുമെന്ന ചിന്തയോടെ മൗനമായി എല്ലാത്തിനും തലയാട്ടുന്നവരാണ് പരാജയം ഏറ്റുവാങ്ങുന്നത്. പിന്നെകുറേകഴിഞ്ഞ് സങ്കടപറച്ചിലുകൾ മാത്രമായിരിക്കും ഇവർക്ക് ബാക്കി.

ലോകത്തിലെ പല വിപ്ലവങ്ങളും, ചരിത്രനിമിഷങ്ങളും പിറന്നത് ചില നോ പറച്ചിലുകളിലൂടെയാണ് എന്നത് ഇവർ തിരിച്ചറിയണം. നമ്മുടെ വ്യവസ്ഥിതകളിൽ നിലനിനിന്നിരുന്ന പല ദുരാചാരങ്ങളും മാറിയത് ആ കാലത്ത് ചിലരെങ്കിലും നേൊ പറഞ്ഞുതുടങ്ങിയപ്പൊഴാണ്. കറുത്തവന്റെ മുകളിൽ അടിച്ചൽപ്പിച്ച അടിമ പണിയും, ഭർത്താവ് മരണപ്പെട്ടാൽ കൂടെ മരിക്കാൻ വിധിക്കപ്പെട്ട ഭാര്യയുടെ ദുരവസ്ഥ നിറഞ്ഞ സതിയുമൊക്കെ ഇതിന് ഉദാഹരണം. ബോധ്യമെന്ന് തോന്നുന്ന കാര്യങ്ങളോട് നോ എന്ന് ആദ്യമേ പറഞ്ഞാൽ തുടക്കത്തിൽ അത് മറ്റുള്ളവർ അംഗീകരിക്കില്ലായിരിക്കാം. എന്നാൽ നോ പറയുന്നയാളിന്റെ മുമ്പിൽ അത് വ്യത്യസ്തമായ പല വഴികളും വരച്ചിടുമെന്നത് ഉറപ്പാണ്. പിന്നീട് ആഹ്ലാദിക്കാൻ വക നൽകുന്ന പലതും അത്തരം വഴികളിൽ ഒളിഞ്ഞുകിടക്കുന്നുണ്ടാകും. ഒരാൾ ആരൊടെങ്കിലും നോ എന്ന് മനസുറപ്പിച്ച് പറയുകയാണെങ്കിൽ അത് സ്വയം തന്നെ ചെയ്യുന്ന ഏറ്റവും വലിയ ശരിയായിരിക്കും. പരമാവധി പരസ്പരം രക്തം ചൊരിയാതെ നോ പറയാൻ പഠിക്കണമെന്ന് മാത്രം.

നോ എന്ന് പറയാൻ മാത്രമല്ല, നോ കേൾക്കാനും നമ്മൾ മനസ് കാണിക്കണം. ഓരൊരുത്തരുടെയും വീക്ഷണങ്ങൾ, ചിന്തകൾ, സ്വപ്നങ്ങൾ ഒക്കെ പലതാകാം. അതൊക്കെ കേൾക്കാനും മനസിലാക്കാനുമുള്ള വിശാലമായ മനസ് ഉണ്ടെങ്കിൽ എതിർക്കേണ്ടതിനെ എതിർക്കുവാനും സ്വീകരിക്കേണ്ടവയെ സ്വീകരിക്കാനുമുള്ള തിരിച്ചറിവ് സമാന്യബുദ്ധിയുള്ള ആർക്കും തന്നെ ലഭിക്കും. പറയണ്ട കാര്യങ്ങൾ പറയണ്ട സമയത്ത് പറയണ്ട രീതിയിൽ പറയണമെന്ന് പറയുന്നതിന്റെ പൊരുളും ഇത് തന്നെയാണ്. അതുകൊണ്ട് യഥാസമയങ്ങളിൽ യെസ് അല്ലെങ്കിൽ നേൊ പറയാൻ പഠിക്കുക. എങ്കിൽ ആർക്കും തന്നെ ഈ ലോകം ഇനിയുമേറെ സുന്ദരമാകും, മനോഹരവും. തീർച്ച !!