ഞാൻ ജീവിക്കുന്നത് എന്തിന് വേണ്ടിയാണ്? ഈ ചോദ്യ പല തവണ നിങ്ങളും സ്വയം ചോദിച്ചു കാണും. മിക്കവരും ജീവിക്കുന്നത് ആനന്ദത്തിന് വേണ്ടിയാണെന്ന് പറയാറുണ്ട്. എന്താണ് ആനന്ദം എന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ രീതിയിലാണ് ആനന്ദം. ഒരാൾക്ക് അന്യനെ സഹായിക്കുന്നത് ആനന്ദം നൽകുമെങ്കിൽ മറ്റൊരാൾക്ക് ഒരാളെ ദ്രോഹിക്കുന്നതായിരിക്കാം ആനന്ദത്തിന്റെ മാർഗ്ഗം. ഏതൊരു കാലത്തും, ലോകം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം മനുഷ്യർക്കിടയിൽ ചേരിതിരിവുകൾ സൃഷ്ടിച്ച് യുദ്ധസന്നദ്ധരായി പരസ്പരം എവിടെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ചില ആളുകളാണ്. എല്ലാം കൈയടക്കി വെക്കാനും, എല്ലാത്തിലും ആധിപത്യം ചെലുത്താനുമുള്ള മൃഗീയവും പ്രാകൃതവുമായ വാസനകൾ ഉള്ളവർക്ക് മാത്രമേ ഇത്തരം ഇടപ്പെടലുകൾ നടത്താൻ സാധിക്കൂ എന്ന് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഞാനാണ് കേമൻ, ഞാനാണ് ശരിയെന്നുമെൊക്കെ ഇവർ ഇടയ്ക്കിടെ പൊതുസമൂഹത്തിന് മുമ്പിൽ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും.
ഇവർ ഉണ്ടാക്കുന്ന സമ്മർദ്ധങ്ങളുടെ ഫലമായാണ് മറ്റ് മനുഷ്യർ വിവിധ കളങ്ങളിൽ തളക്കപ്പെട്ടു പോകുന്നത്. ഈ കളങ്ങൾ തമ്മിൽ ബന്ധപ്പെടാൻ പാലങ്ങളില്ല. മറിച്ച് കൂറ്റൻ മതിലുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ആനന്ദവും ദുഃഖവും ഒക്കെ തന്റെ മാത്ര കളങ്ങളിലേയ്ക്ക് മനുഷ്യൻ ചുരുക്കിവെക്കുകയും ചെയ്യുന്നു. ഇന്ന് എത്ര എന്ന ചോദ്യമാണ് ആനന്ദത്തിന്റെ അളവ് കോലായി നാം കാണുന്നു. എത്ര ശമ്പളം, എത്ര മക്കൾ, എത്ര വീടുകൾ, എത്ര കാറുകൾ എന്നിങ്ങിനെ പോകുന്നു ആ സ്നേഹാന്വേഷണങ്ങൾ. ഇതിലെ അക്കങ്ങൾ കൂടുമ്പോൾ സ്നേഹവും ആദരവും വർദ്ധിക്കുന്നു. അക്ഷരങ്ങളിൽ നിന്ന് ഇങ്ങിനെ അക്കങ്ങളിലയ്ക്ക് ഊർന്നിറങ്ങുമ്പോൾ എന്ത്, എന്തിന് എന്നീ ചോദ്യങ്ങളെ മനപൂർവം നമ്മൾ മറന്നുപൊകുന്നു. ഒടുവിൽ എത്ര കിട്ടിയാലും മതിവരാതെ കേവലം ഭൗതിക സമ്പത്ത് മാത്രം കൈയിലുള്ള പരമദരിദ്രൻമാരായി നമ്മൾ ഓരൊരുത്തരും അവസാനിക്കുന്നു.
ഒരു സൂഫി കഥ ഓർക്കട്ടെ. അതിസമ്പന്നനായ ഒരു മനുഷ്യൻ ഒരിക്കൽ ഒരു സൂഫിഗുരവിനെ തേടി വന്നു.ഗുരുവിന്റെ പ്രഭാവലയത്തിൽ ആകൃഷ്ടനായ അദ്ദേഹം താൻ വലിയ സമ്പന്നനാണെന്നും എത്ര വേണമെങ്കിലും സംഭാവന തരാമെന്നുമുള്ള വാഗ്ധാനം നൽകി. അതിന് ഗുരു പറഞ്ഞ മറുപടി ഏറെ ചിന്തനീയമാണ്. അതിങ്ങിനെയാണ്, “എനിക്ക് പരിധിയെൊന്നുമില്ല, താങ്കളുടെ പരിധിക്കനുസരിച്ച് താങ്കൾ തരിക”. !!