അലിഞ്ഞുപോകുന്ന ജീവിതങ്ങൾ…

ഇന്നത്തെ ലോകം ഏറ്റവും ഇഷ്ടപെടുന്ന വാക്കുകളിൽ ഒന്നാണ് തിരക്ക് എന്നത്. തിരക്കില്ലെങ്കിൽ നമുക്കെന്തൊ സ്വയം ഒരു വിലയില്ലാത്തത് പൊലെയാണ്. അതോടൊപ്പം തന്നെ ബൊറടിക്കുന്നു എന്ന വാക്കും പരക്കെ കേൾക്കാം. ഈ രണ്ടു വാക്കുകളും തികച്ചും വിപരീതങ്ങളായ പദങ്ങൾ ആണെങ്കിലും ഇടവിട്ട് നമ്മൾ ഇത് ഉപയോഗിക്കും. തിരക്കിട്ട് ഓടുന്നവർ എങ്ങൊട്ടാണ് ഈ ഓട്ടമെന്ന് ചിന്തിക്കാറുമില്ല, ബൊറടിക്കുന്നവർ ജീവിതം എന്താണെന്ന് മനസ്സിലാക്കിയിട്ടുമില്ല എന്നതാണ് യാത്ഥാർത്ഥ്യം !

അതിശയം എന്ന വികാരം  ജീവിതത്തിൽ നഷ്ടമാകുമ്പോഴാണ്  ഈ രണ്ട് വാക്കുകൾ ആരുടെയും ജീവിതത്തിൽ കടന്നുവരുന്നത്. ആഗ്രഹിക്കുന്നതല്ലാം വിരൽ തുമ്പിലും, കൈപ്പിടിയിലും ഒതുങ്ങുമെന്ന തോന്നൽ  അതിശക്തമായി ഒരാളിൽ വളരുമ്പോൾ പിന്നെ അവിടെ അതിശയങ്ങളുണ്ടാകില്ല. എന്തെങ്കിലും അതിശയം ലഭിച്ചാൽ തന്നെ നിമിഷങ്ങൾക്കകം അതും ബൊറടി സമ്മാനിക്കുന്നു. ‘ഓ, ഇതു ഇത്രയേ ഉള്ളു’ എന്നാവും ആ നേരത്തെ മാനസികാവസ്ഥ. പിന്നെ വീണ്ടും അടുത്ത തിരക്കിലക്കുള്ള മുങ്ങിതപ്പൽ ആരംഭിക്കുന്നു. അടുത്ത അതിശയത്തിനെ കണ്ടു ബൊറടിക്കാൻ.

തിരക്കുകളിൽ വെറുത അലിഞ്ഞു പോകുമ്പോഴും , ബൊറടിയിൽ സ്വയം നഷ്ടപ്പെടുമ്പോളും കാഴ്ച്ചയുടെയൊ കാഴ്ച്ചപ്പാടിന്റെയൊ പരിമിതി കൊണ്ടാവാം ഇപ്പോഴുള്ള ജീവിതമാണ് ഏറ്റവും വലുതെന്ന് തോന്നിപോകുന്നു. അവിടെ  ഓടിനടന്ന് കാര്യങ്ങൾ നടത്തുമ്പോൾ തന്നെ പലപ്പോഴും തിരിച്ചറിയാത്ത ഒരു കാര്യം തങ്ങളുടെ ജീവിതത്തിനു ശേഷമാണ് താൻ ഈ സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെ പറ്റി മറ്റുള്ളവർ ഓർ‍ക്കുക എന്നതാണ്. ഇതുകൊണ്ടാണ് ജീവിക്കുന്നതിനൊപ്പം തന്നെ ജീവിതസഞ്ചാരത്തിനിടയിൽ തങ്ങളുടെ പാദമുദ്രകൾ എവിടെയെങ്കിലും ഒന്നാഞ്ഞ് പതിപ്പിക്കണമെന്ന് പറയുന്നത്.

ആയിരം വർഷങ്ങൾക്കിപ്പുറവും നമ്മൾ മനുഷ്യർ ഇന്നും മനസിലറ്റി നടക്കുന്ന എത്രയോ പേർ അതിന്റെ ഉദാഹരണങ്ങളാണ്. കൃഷ്ണനും, യേശുവും, മുഹമ്മദുമൊക്കെ അതിന്റെ തെളിവുകളാണ്. അവരൊക്കെ നമുക്ക് എന്തെങ്കിലുമൊക്കെ തന്നവരാണ്. എടുത്തവർ മാത്രമല്ല.  
ഒരു കാലത്ത് നമ്മുടെ ദുഃഖത്തിനു കാരണമായി എന്നു കരുതുന്ന എന്തെങ്കിലുമായിരിക്കാം ഇന്നു നമ്മുടെ സന്തൊഷത്തിന്റെ പ്രധാന കാരണമെന്ന് ഖലീൽ ജിബ്രാൻ ഒരിടത്ത് കുറിച്ചിട്ടുള്ളത് ഓർക്കാം. അങ്ങിനെ ഇന്നു സന്തോഷിക്കുമ്പോൾ ഇന്നലെ ദുഃഖിച്ചതന്തിനാണെന്ന് ഓർത്തെടുക്കാൻ പോലും സാധിക്കാത്ത പാവം പാവം മനുഷ്യജീവിതങ്ങളാണ് നമ്മൾ എന്ന കാര്യവും തിരക്കിന്റെയും ബോറടിയുടെയും ലോകത്തു തന്നെ കഴിയുന്ന നമ്മൾ പലപ്പൊഴും ഓർക്കാറില്ലെന്നതും വാസ്തവമല്ലേ.!!