എവിടെ നിന്ന് വന്നുവെന്നും, എവിടേയ്ക്ക് പോകുന്നുവെന്നും അറിവായ വിളക്കുമരത്തോട് നമ്മൾ ചോദിക്കുന്നത് വായനയിലൂടെയാണ്. അതുകൊണ്ട് തന്നെ ഓരോ വായനയും മനുഷ്യനെ വീണ്ടും വീണ്ടും സംസ്‌കരിച്ചെടുക്കുന്നു എന്നുപറയാം.വായനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് മനസിലാക്കിയ ചിലത് ഇവിടെ പങ്കിടുന്നു.
വായിക്കാൻ തോന്നുക എന്നതാണ് ഏതൊരു വായനയുടെയും ആദ്യത്തെ ഘട്ടം. എന്താണ് വായിക്കേണ്ടത് എന്നത് വായനയുടെ രണ്ടാം ഘട്ടമാണ്. മൂന്നാമത്തെ ഘട്ടം വായിക്കേണ്ട കണ്ടന്റ് എങ്ങിനെ ശേഖരിക്കുമെന്നതാണ്. ഇലക്ട്രോണിക്ക് യുഗം മൂന്നാമത്തെ കാര്യം എളുപ്പമാക്കിയിരിക്കുന്നു. വലിയ ചിലവില്ലാതെ വായിക്കാമെന്ന സൗകര്യം ഇന്റർനെറ്റ് നൽകുന്നു. നാലാമത്തെ ഘട്ടം എങ്ങിനെ വായിക്കണം എന്നതാണ്. അഞ്ചാമത്തെ ഘട്ടം വായിക്കുക എന്നത് തന്നെയാകുന്നു. ആറാമത്തെ ഘട്ടമാണ് വായന ബാക്കിവെക്കുന്ന ചിന്തകൾ. ഏഴാം ഘട്ടം ഈ ചിന്തകളുടെ വിശകലനമാണ്. ഒടുവിൽ എട്ടാം ഘട്ടമെത്തുമ്പോഴാണ് ഒരാൾ വായിച്ച്, ചിന്തിച്ച്, വിശകലനം ചെയ്ത്‌ത് ആവശ്യമുള്ളത് എടുക്കാൻ പഠിക്കുന്നത്. ഇങ്ങിനെ പഠിച്ചത് ഓർമിച്ചുവെക്കുക എന്നതാണ് ഒമ്പതാമത്തെ ഘട്ടം. അതിന് ശേഷമാണ് പ്രതികരണം എന്ന പത്താം ഘട്ടമുണ്ടാകുന്നത്. പ്രതികരണം എന്നത് ആരോടും വഴക്കിടുന്ന ഒരേർപ്പാടായിട്ടല്ല, മറിച്ച് നമ്മുടെ ചിന്തകളിൽ, വർത്തമാനങ്ങളിൽ, ജീവിത രീതികളിൽ വരുന്ന മാറ്റമായി വേണം നോക്കി കാണാൻ.
ചുരുക്കത്തിൽ പറഞ്ഞാൽ മനുഷ്യനെ മനനം ചെയ്യാൻ അഥവാ വിവേകപൂർവം ചിന്തിക്കാൻ പ്രാപ്തനാക്കുന്ന വലിയൊരു കാര്യമാണ് വായന എന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ.