ആഗ്രഹങ്ങളുടെ നീണ്ട നിരയും, അത് സാധിക്കാൻ പറ്റാത്ത തരത്തിലുള്ള സമയക്കുറവുമാണ് ഇന്നിന്റെ മനുഷ്യന് കൂട്ട്. ആഗ്രഹിച്ചതൊക്കെ സാധിച്ചു കിട്ടാനായി നടത്തുന്ന ഈ നെട്ടൊട്ടത്തിൽ ചിലർ ജയിക്കുന്നു, ചിലർ അമ്പേ പരാജയപ്പെടുന്നു. ചിലർ വിജയിക്കാനുള്ള ശ്രമത്തിൽ ജീവിതാവസാനം വരെ ഓടി കൊണ്ടേയിരിക്കുന്നു. വിജയം നേടിയവരാണെങ്കിൽ അതിലും വലിയ വിജയത്തിനായുള്ള മരണ പാച്ചിൽ നടത്തികൊണ്ടിരിക്കുന്നു. ലോകം പിടിച്ചെടുക്കാനുള്ള വെമ്പലിൽ ഇങ്ങിനെ ജീവിക്കാൻ മറന്നുപൊകുന്ന പാവപ്പെട്ടവരായി മിക്ക മനുഷ്യരും മാറുന്നു.
നമ്മോട് ആരോടും തന്നെ അനുവാദം ചോദിച്ചല്ല, പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതും, വൈകുന്നേരം അസ്തമിക്കുന്നതും. മാനത്ത് അമ്പിളികല വിരിയുന്നതും, നക്ഷത്രങ്ങൾ തെളിയുന്നതും അതു പൊലെ തന്നെ. ഓരോ ഉദയാസ്തമയങ്ങൾക്കിടയിലും നമ്മുടെ ആയുസ്സ് കുറയുകയും ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. ബാല്യത്തിലെ പ്രസരിപ്പിനെ കുറിച്ച് യുവത്വത്തിലും, യുവത്വത്തിലെ സജീവതയെക്കുറിച്ച് വാർദ്ധക്യത്തിലും ആലോചിച്ച് നീണ്ട നെടുവീർപ്പിട്ടുകൊണ്ടാണ് മിക്കവരും ജീവിതം അവസാനിപ്പിക്കുന്നത്. ഒരു ദീർഘനിശ്വാസത്തൊടെ ആരും അപ്പോൾ പറഞ്ഞുപൊകും, “ഹൊ! എന്തൊരു വേഗത്തിലാണ് ഈ കാലം കടന്നു പൊയതെന്ന്”!
തനിക്ക് ലഭിച്ച സമയത്തെ ബുദ്ധിപൂർവം ഉപയോഗിക്കുന്നതിൽ ഒരു മനുഷ്യൻ കാണിച്ച ശ്രദ്ധയാണ് ആ ഒരു മനുഷ്യന്റെ ജീവിതവിജയം നിർണയിക്കുന്നത്. സമയം ആരെയും കാത്തിരിക്കില്ലെന്ന് തിരിച്ചറിയുന്നവർക്ക് മാത്രമേ ജീവിതത്തിന്റെ അതിന്റെ ശരിയായ അർത്ഥത്തിൽ കാലത്തിന്റെ ഘടികാരനിമിഷങ്ങളെ ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. തന്റെ ഹൃദയതാളങ്ങളെ പറ്റി ബോധവാൻമാരായാൽ ഘടികാരത്തിലെ നിമിഷ സൂചികളുടെ ശബ്ദവും മനസ് കേൾക്കാൻ തുടങ്ങും. ഇന്നുചെയ്യാനാകുന്ന കാര്യത്തെ നാളേക്ക് നീട്ടിവെക്കാതിരിക്കുകയാണ് സമയത്തെ കുറിച്ച് ജാഗ്രതയുള്ളവർ ചെയ്യേണ്ടത്. ഈ ബോധമാണ് ഒരു ജീവിതത്തെ സംബന്ധിച്ചുള്ള ഒരാളുടെ ജാഗ്രതയായി മാറുന്നത്. ഈ ഒരു ബോധം ഉണ്ടാകുന്നത് മിക്കവർക്കും അവസാനകാലത്തായിരിക്കുമെന്നതാണ് ദുഖകരം. ഐസിയുവിൽ മറ്റൊരു വഴിയുമില്ലെന്ന് പറഞ്ഞ് മുഖത്ത് നിന്നും ഓക്സിജൻ മാസ്ക് പതിയെ എടുത്തു മാറ്റുമ്പോൾ ആ മനസ് ഒരിക്കൽ കൂടി ചെവിയിൽ അവസാനമായി മൂളും, തിരയും സമയവും ആരെയും കാത്തിരിക്കില്ലെന്ന് !
വാൽകഷ്ണം – രോഗബാധിതനായി , മരണം പ്രതീക്ഷിച്ച് കിടക്കവെ വിഖ്യാത സാഹിത്യകാരൻ ഗബ്രിയേൽ മാർക്കേസ് എഴുതി “ഇനിയുമെൊരു ജീവിതമുണ്ടെങ്കിൽ ഞാനൊരു നിമിഷംപൊലും കണ്ണടക്കില്ല. കാരണം, കണ്ണടക്കുന്ന ഓരോ നിമിഷത്തിലും എനിക്ക് നഷ്ടപ്പെടുന്നത് വെളിച്ചത്തിന്റെ അറുപത് സെക്കന്റുകളാണെന്ന് ഞാനറിയുന്നു”.