ആശയവിനിമയങ്ങളിലെ മര്യാദകൾ..

നീണ്ട ഇടവേളകളിൽ നാട്ടിൽ പോകുന്നവരാണ് വലിയൊരു വിഭാ​ഗം പ്രവാസികൾ. നാടിന്റെ രുചിയും, മണവും, സ്നേഹവും ഒക്കെ അനുഭവിക്കാറുള്ള ഈ അവധികാലങ്ങളിൽ പ്രവാസികളിൽ മിക്കവരും പൊതുവെ നേരിടാറുള്ള ഒരു ചോദ്യമാണ് “എന്നെ ഓർമ്മയുണ്ടോ” എന്നത്. മുമ്പ് കണ്ട പരിചയമുണ്ടെങ്കിലും ആളുടെ പേര് പലപ്പോഴും ഓർമ്മ കാണണമെന്നില്ല.ചോദ്യകർത്താവിന് വിഷമമുണ്ടാക്കേണ്ടെന്ന് കരുതി പിന്നെന്താ അറിയാമല്ലൊ എന്ന് വെറുതെ ഒരു ഒഴുക്കൻ മറുപടി നൽകിയാൽ ഉടൻ വരും ഷോക്കടിപ്പിക്കുന്ന തരത്തിൽ അടുത്ത ചൊദ്യം, “എന്നാൽ പിന്നെ എന്റെ പേര് പറ” പിന്നെയെൊരു ഉരുളലാണ്. എന്ത് പറയണമെന്നറിയാത നമ്മൾ ഞെരിപിരി കൊള്ളുന്നത് കണ്ട് ആ സുഹൃത്ത് സന്തോഷിക്കുന്നതും കാണാം.

ഇതുപോലെ തന്നെ ബുദ്ധിമുട്ടുണ്ടാകുന്ന ആശയവിനിമയം ഫോൺസംഭാഷണങ്ങളിലും ഉണ്ടാകാറുണ്ട്. നാളുകൾക്ക് ശേഷം വരുന്ന കോളുകളിൽ ശബ്ദം കേട്ട് തിരിച്ചറിഞ്ഞില്ലെങ്കിൽ പരാതിയും പരിഭവവുമെൊക്കെ നിറഞ്ഞു തുടങ്ങും. “ആ നീ ഇപ്പൊ വലിയ ആളായി, നമ്മളെൊയെൊന്നും ഓർമ്മ പോലുമില്ലല്ലൊ” എന്ന ലൈൻ. ആരാണെന്ന് പറയാൻ സാധിച്ചില്ലെങ്കിൽ ഒരു കോംപറ്റീഷൻ ഐറ്റമായി അത് മാറും. ഒന്നുകിൽ വിളിക്കുന്നയാളുടെ പേരും മേൽവിലാസവും എങ്ങിനെയെങ്കിലും പറയണം, അല്ലെങ്കിൽ അവരുടെ കാല് പിടിച്ച് അറിയണം. അതുമല്ലെങ്കിൽ ഉടക്കി പിരിയണം.

ഫോൺ സംഭാഷണങ്ങളിൽ പാലിക്കേണ്ട ചില മര്യാദകൾ  മറന്ന് പോകുന്നവരാണ് നമ്മൾ മിക്കവരും. ഒരാളെ ഫോൺ ചെയ്യുമ്പോൾ അങ്ങേതലയ്ക്കുള്ളയാൾ എന്നും നമ്മുടെ കാളുകൾ മാത്രം പ്രതീക്ഷിച്ചു നിൽക്കുന്ന തരത്തിലാണ് പലരും സംഭാഷണം ആരംഭിക്കാറുള്ളത്. ഒരു മുഖവുരയുമില്ലാതെ ആരംഭിക്കുന്ന സംഭാഷണങ്ങൾ മണിക്കൂറുകൾ നീളുമ്പോൾ എത്ര മാത്രം അരോചകമാണ് ഇതെന്ന് എന്ന് അനുഭവിച്ചവർക്ക് മനസിലാകും.

അതു പൊലെ ചിലരെങ്കിലും അസമയത്ത് മാത്രം ഫോൺ വിളിക്കുവാൻ ശീലിച്ചവരാണ്. പാതിരാത്രി നല്ല ഉറക്കത്തിലാണ്ടു പോകുമ്പോഴാണ്  ആ ചോദ്യം വരിക. “ഉറങ്ങിയില്ലല്ലൊ അല്ലെ..” എന്ത് മറുപടി പറണമെന്നറിയാത അവരുടെ വർത്തമാനത്തിൽ പങ്കാളികളായി മാറാൻ നിർബന്ധിതരാകും.

എന്താണ് പറയുന്നതന്നും, എപ്പൊഴാണ് പറയണ്ടതന്നും, എന്തിനാണ് പറയുന്നതന്നും അറിയാത്തവരുടെ എണ്ണം കൂടുന്ന ലോകത്ത് ആശയവിനിമയം എന്ന വിഷയത്തിന് എന്തായാലും പ്രധാന്യം വർദ്ധിക്കുകയാണെന്ന് പറയാതെ വയ്യ.