പകൽനേരം അദ്ധ്വാനിക്കാനും, സായാഹ്നങ്ങൾ ആസ്വദിക്കുവാനും, രാത്രി നേരം വിശ്രമിക്കാനോ ഉള്ള ഒരു സംവിധാനമാണ് മിക്ക ജീവജാലങ്ങളിലും പ്രകൃതി ഒരുക്കിയിരിക്കുന്നത്. ജീവിതത്തിന് ഒരു അച്ചടക്കം വരുത്തുവാനും, ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനും, ഈ ഒരു സംവിധാനം നമ്മെ സഹായിക്കുന്നു. എന്നും രാവിലെ കിഴക്ക് ചക്രവാളത്തിൽ സൂര്യൻ ഉദിക്കുമ്പോൾ മുതൽ പകലന്തിയൊളം ജീവിതം മുമ്പോട്ട് നയിക്കാൻ വേണ്ടിയുള്ള ശ്രമകരമായ ജോലികൾ ചെയ്താണ് നമ്മൾ മിക്കവാറും കഴിയുന്നത്. സായാഹ്നങ്ങളിലെ ആകാശങ്ങളിൽ കൂട് തേടി പറക്കുന്ന പക്ഷികൂട്ടങ്ങളെ പോലെ ഒടുവിൽ ഒരു ഇടത്തിലെത്തി വിശ്രമം. എന്നാൽ പുതിയ ലോകത്ത് ഈ സമയക്രമങ്ങളും മാറി മാറി വരികയാണ്.
പലർക്കും സൂര്യൻ ഉദിക്കുന്നത് തന്നെ രാത്രിയിലാണ്. പക്ഷെ ഈ ഉദയം നടക്കുന്നത് മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിലാണെന്ന് മാത്രം. പാതിരാകിളികളായും, നിശാപുഷ്പങ്ങളായും അവർ ഇവിടെ സ്മാർട്ടായി ഉറക്കമൊഴിയുന്നു. രാത്രിയിൽ സജീവമാകുന്ന ഇവർ പകൽ നേരങ്ങളിൽ മൂങ്ങകളെ പോലെ തലയും കുമ്പിട്ട് ഉറക്കം തൂങ്ങി ജോലി ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടുപോകുന്നു.
പ്രായപൂർത്തിയാകാത്ത തങ്ങളുടെ മക്കളുടെ കൈവശം മെൊബൈൽ ഫോൺ ഉണ്ടേൊ എന്നു പോലും അറിയാത്ത മാതാപിതാക്കളുടെ എണ്ണം നമ്മുടെ ഇടയിൽ ഓരൊ ദിവസവും വർദ്ധിച്ച് വരികയാണ്. ശുഭരാത്രി പറഞ്ഞു കിടക്കയിലയ്ക്ക് നീങ്ങുന്ന മക്കളിൽ പലരും യഥാർത്ഥത്തിൽ അവരുടെ ദിവസം ആരംഭിക്കുന്നത് അപ്പോഴാണെന്ന് ഈ ഒരു കാലത്ത് പലരും തിരിച്ചറിയുന്നില്ല. മൂടിപുതച്ച ബെഡ്ഷീറ്റിനുള്ളിൽ മെൊബൈൽ സ്ക്രീനിന്റെ നീല വെളിച്ചം തിളങ്ങിനിൽക്കുന്നത് പലരും കാണാറില്ല. ഇതു പുതുതലമുറയിൽ മാത്രമല്ല, മറിച്ച് ജീവിത നൈരാശ്യം ബാധിക്കുന്ന ആർക്കും, ഒരാശ്വസമാവുകയാണ് രാത്രിയിലെ ഈ കൂടുമാറ്റം.
ജീവിതം വെർച്വൽ ലോകത്ത് തളച്ചിടപ്പെടുമ്പോൾ തൊട്ടടുത്തുള്ള മനുഷ്യനെക്കാൾ നമുക്കിഷ്ടം അക്കരപ്പച്ചയെയാണ്. കൈയ്യിലുള്ളതിനെ മനസ്സിലാക്കാത, അറിയാൻ ശ്രമിക്കാതെ ഒരിക്കലും മുമ്പിൽ വരാൻ പോലും സാധ്യതയില്ലാത്ത എന്തിനെയൊ തേടി മനസും ശരീരവും അങ്ങിനെ അലഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ പുതിയ രസങ്ങൾ കണ്ടെത്തുന്ന ഈ യാത്രയിൽ നമുക്ക് നഷ്ടമാക്കുന്നത് നമ്മളെ തന്നെയായിരിക്കും എന്നുമാത്രം ഓർമ്മിപ്പിക്കട്ടെ.