ആ മുഖം എത്ര ആലോചിച്ചിട്ടും ഓർമവരുന്നില്ല. എവിടെയോവെച്ച് നല്ല പരിചയം. അടുത്തുവന്ന് സുഖമാണോ എന്ന് ചോദിച്ചിട്ടും നിസ്സഹായമായ ചിരി മാത്രമായിരുന്നു എന്റെ മറുപടി. സംസാരത്തിനിടെ അയാൾ പറഞ്ഞു.
‘ഭാര്യയുമായുള്ള പ്രശ്നം തീർന്നില്ല. നാട്ടിലേക്ക് പോവുകയാ. അല്ലെങ്കിലും ഇപ്പോൾ ഭാര്യമാരക്കെ ഇങ്ങനെയാ. ചെറിയ പ്രശ്നങ്ങൾക്കാ ഡൈവേർസ് നോട്ടീസ് തരുന്നത്’. ഒരു വലിയ ഫലിതം കേട്ട പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. യാത്രക്കാരുടെ ശ്രദ്ധക്കായുള്ള അറിയിപ്പ് വന്നതും അയാൾ യാത്രപറഞ്ഞ് പിരിഞ്ഞു. എന്നിട്ടും എനിക്കാളെ പിടികിട്ടിയില്ല. അമ്മിണി പറയാറുള്ളതുപോലെ എനിക്ക് മറവി ഇപ്പോ ൾ കുറച്ച് കൂടുതലാണ്. എട്ടു വർഷത്തോളം പ്രേമിച്ച് നടന്ന അവളെപ്പോലും ഇടക്ക് മറക്കുന്നു. ഇതിനിടെ ഒരു ദിവസം നാട്ടിൽ നിന്ന് അവളുടെ അമ്മ വിളിച്ചപ്പോൾ ആരാണെന്ന് ചോദിച്ചതിന് മൂന്നുദിവസത്തെ മുഖം വീർപ്പിക്കലാണ് സഹിക്കേണ്ടി വന്നത്. സത്യം പറഞ്ഞാൽ അമ്നീഷ്യ ബാധിച്ചവനെ പോലെയാണ് ഇടക്കുള്ള എന്റെ പെരുമാറ്റവും. ഇന്നലെ ഒരു ദിവസത്തെ ബിസിനിസ് ആവശ്യത്തിന് ദുബൈയിലെത്തിയപ്പോൾ ഡോക്ടറെ കാണണമെന്ന് കരുതിയതാണ്. പിന്നെ അതും മറന്നുപോയി.
(മറവിയായിരുന്നു അയാളുടെ ഹോബി. പലതും നേടിയെടുക്കാനുള്ള ശ്രമത്തിൽ അയാൾക്ക് പലതും മറക്കേണ്ടിവന്നു. പക്ഷെ എല്ലാം നേടിയെടുക്കുമ്പോഴേക്കും എല്ലാവരും അയാളെ മറന്നിരുന്നു!)
”ഫ്ലൈറ്റ് ലേറ്റാ’. അടുത്തിരുന്ന ഒരു മലയാളി പറഞ്ഞു. എൻ്റെ കൈയിലുണ്ടായിരുന്ന മലയാള വാരികയായിരുന്നു അയാളുടെ പരിചയപ്പെടലിന്റെ ലക്ഷ്യം. ‘ഇതിൽ നല്ല ഫീച്ചറുകളാ അല്ലേ?’ വാരിക കൊടുക്കുമ്പോൾ ഞാൻ തലയാട്ടി. അയാളുടെ നിശബ്ദ വായനക്കിടയിൽ എന്റെ മനസ് ഓർമകൾ ചികയുന്ന തിരക്കിലായിരുന്നു. അതിനിടയിൽ അടുത്ത് വന്നിരുന്ന പർദയിട്ട സ്ത്രീ എന്റെ ചിന്തകളെ തെല്ലൊന്ന് അസ്വസ്ഥമാക്കി. കൂടെ യുള്ളത് മകനാണെന്ന് തോന്നുന്നു. മരിച്ചുപോയ ഗോവിന്ദമ്മാവനും ഇതുപോലെതന്നെയായിരുന്നു. ഉറച്ച ശരീരം. നീണ്ട നെറ്റി. മകൻ കൊടുത്ത കോള കുടിക്കാൻ പർദയുടെ മൂടുപടം ഉയർത്തിയപ്പോൾ കണ്ട കാഴ്ച എന്നെ അതിശയപ്പെടുത്തി. കല്യാണിക്കുട്ടി അമ്മൂമയുടെ അതേ ഛായ.
കോള കുടിക്കുന്നതിനെയുള്ള അവരുടെ ചിരി വല്ലാതെ അലോസരപ്പെടുത്തുന്നതായിരുന്നു.
കല്യാണിക്കുട്ടി അമ്മ. അതായിരുന്നു എന്റെ അമ്മൂമയുടെ പേര്. ഭാഗവതവും രാമായണവും അക്ഷരശ്ലോകവുമൊക്കെയായി ജീവിതം ജീവിച്ച് തീർത്ത സ്വാധി. എന്നെ വലിയ കാര്യമായിരുന്ന ആ അമൂമ്മ ഇല്ലാതായിട്ട് ഒരുവർഷം കഴിഞ്ഞിരിക്കുന്നു. വിവാഹം കഴിക്കാതെ തറവാട് കാര്യങ്ങൾ നോക്കിനടന്നിരുന്ന ഗോവിന്ദമ്മാവൻ മരിച്ചതിൽ പിന്നെയാണ് അമ്മൂമയും ഏകാന്തതയുടെ മൂടുപടം എടുത്തണിഞ്ഞത്. മക്കളും മക്കളുടെ മക്കളുമൊക്കെ ജീവിതം തീർക്കാനായി അന്യദേശങ്ങളിലേക്ക് പോയപ്പോൾ പഴയ ഒരു ഡയനോര വിഡ്ഢിപെട്ടിയും മൂത്ത മകൾ വാങ്ങിക്കൊടുത്ത കുറച്ച് രാമായണം കാസറ്റുകളും മാത്രമായി അമ്മൂമക്ക് കൂട്ട്. ഇടക്ക് സന്ദർശകർ വന്നാൽ കൊടുക്കാനായി അൽപ്പം ചക്കഉപ്പേരിയും മാങ്ങ അച്ചാറും അവിടെ എപ്പോഴും റെഡിയായിരിക്കും.
മരിക്കുന്നതിന് കുറച്ച് ദിവസംമുമ്പാണ് ഞാൻ വീണ്ടും നാട്ടിലേക്ക് വന്നത്. ആദ്യത്തെ കുട്ടിയെ കാണാൻ വന്നതായിരുന്നു ഞാൻ. ഒരാഴ്ചത്തെ തിരക്ക് പിടിച്ച സന്ദർശനം. ഇടക്കൊരു ദിവസം അമ്മൂമയുടെ അടുത്ത് പോകാനും പറ്റി. അപ്പോഴേക്കും കിടക്കയിൽതന്നെയായി മാറിയിരുന്നു അമ്മൂമയുടെ താമസം. സഹായത്തിന് മക്കൾ തയ്യാറാക്കിയ ഒരു ജോലിക്കാരിയും. കുറേ നേരം പച്ച ഞരമ്പുകൾ തെളിഞ്ഞ ആ കൈകൾ ചേർത്തു പിടിച്ച് അവിടെ ഇരുന്നു. ഇടയ്ക്ക് അമ്മിണിയെയും കുട്ടിയെയും കാണണമെന്ന് ആഗ്രഹം പറഞ്ഞു. ഒടുവിൽ യാത്ര പറയുമ്പോൾ ആ നീലിച്ച കണ്ണുകളിൽ വിഷാദം പടരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.
ഒരു ദിവസം ദിവസം കാലത്ത് അടിയന്തര മീറ്റിങ്ങിനിടയിൽ അമ്മിണിയുടെ ഒരു മെസേജ്. കല്ല്യാണി അമ്മൂമ പാസ്ഡ് എവെ. മുഖത്തുണ്ടായ ഭാവമാറ്റംകൊണ്ടായിരിക്കണം കാരണം ചോദിച്ച സഹപ്രവർത്തകനോട് പ്രത്യേകിച്ച് ഒന്നും പറയാനാവാതെ കുറേനേരം ഇരുന്നുപോയി. വൈകീട്ട് വീട്ടിലെത്തിയപ്പോൾ അമ്മിണിയുടെ ഡയലോഗ് ‘വയസ്സായില്ലേ വിഷമിച്ചിട്ടെന്ത് കാര്യം. കുട്ടികൾക്ക് മോഡൽ എക്സാം ഉള്ളതാ. നാട്ടിലേക്കൊന്നും ഇപ്പോൾ ഞാനില്ല’. നമ്മളും വയസ്സന്മാരാവുകയാണെന്നും ഒന്നാം ക്ലാസിൽ പഠിക്കുന്ന അപ്പുവിന് മോഡൽ എക്സാം എഴുതാൻ പറ്റിയില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴുകയില്ലെന്നുമൊക്കെ പറയാൻ തോന്നിയെങ്കിലും എന്നത്തെയും പോലെ മൗനം തന്നെയായിരുന്നു അപ്പോഴും എൻ്റെ മറുപടി.
( പല കാര്യങ്ങളും തുറന്നുപറയാൻ കഴിയാത്തത് തന്നെയായിരുന്നു അയാളുടെയും അമ്മിണിയുടെയും പ്രധാന വിജയം. തുറക്കാത്ത പുസ്തകങ്ങളിലും അടച്ചിട്ട കൊട്ടാരങ്ങളിലും അധികം പൊടിപിടിക്കാറില്ലല്ലോ!)
അമ്മയുടെ നിർബന്ധങ്ങളിലും അപ്പുവിന്റെ മോഡൽ എക്സാം തന്നെയായിരുന്നു അമ്മുമയുടെ അന്ത്യകർമങ്ങൾക്ക് പോകാതിരുന്നതിന്റെ എന്റെയും പ്രധാന കാരണം. പിന്നീട് പലപ്പോഴും ആ നീലിച്ച വിഷാദം ചാലിച്ച കണ്ണുകളും, പച്ചഞരമ്പുകൾ തെളിയുന്ന കൈത്തണ്ടയും ഒക്കെ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞുവന്നിട്ടുണ്ട്. ഞെട്ടി ഉണരുമ്പോൾ കാണാറുള്ള അമ്മിണിയുടെ കൂർക്കംവലി പിന്നെ കുറേനേരം ഉറക്കമില്ലായ്മയിലേക്കും നയിക്കാറുണ്ട്.
ചിന്തകളിൽനിന്ന് ഉണരുമ്പോഴേക്കും അടുത്തിരുന്ന പർദയിട്ട സ്ത്രീ മകനെന്ന് തോന്നിക്കുന്ന ആളിനൊപ്പം നടക്കാൻ തുടങ്ങിയിരുന്നു. കൈയിൽ നിന്ന് വാരിക വാങ്ങിയ ആളിനെയും കാണാനില്ലായിരുന്നു. ദൂരേക്ക് പോയി മറയുന്ന ആ സ്ത്രീയെയും മകനെയും നോക്കി ഞാൻ എന്റെ ഫ്ലൈറ്റ് കാത്തിരിപ്പ് തുടർന്നു.
(ജീവിതത്തിന്റെ പല ഇടനാഴികളിലും അയാൾ ഇങ്ങിനെയാണയാൾ കാത്തിരുന്നത്. ഇരയെ കാത്തുനിൽക്കുന്ന ഒരു വേട്ടക്കാരനെപോലെ!)