പ്രതിസന്ധികൾ മനുഷ്യർക്കൊപ്പം അവന്റെ ജനനം തൊട്ടുള്ളതാണ്. അതേസമയം പ്രതിസന്ധികളെ കണ്ടറിഞ്ഞ് വേണ്ട മുൻകരുതലെടുത്തുപോകുമ്പോഴാണ് ഒരാൾ വിവേകിയാകുന്നത്.
ഗൾഫ് രാജ്യങ്ങളിലെ മാറിവരുന്ന സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾക്കിടയിൽ, ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന ഭൂരിഭാഗം പ്രവാസികളും, പ്രത്യേകിച്ച് കുടംബങ്ങളായി ജീവിക്കുന്നവരിൽ മഹാഭൂരിഭാഗം പേരും മുൻപെങ്ങുമില്ലാത്തവിധം കടുത്ത അനിശ്ചിതത്വങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. ആഗോളതലത്തിലും മേഖലയിലുമുണ്ടായ യുദ്ധാനന്തര സാമ്പത്തിക ആഘാതങ്ങൾ, ഭക്ഷണസാധനങ്ങൾ അടക്കമുള്ള ദൈനംദിന ജീവിതആവശ്യങ്ങൾക്കായുള്ള വിലക്കയറ്റം, പുതിയ നികുതി വ്യവസ്ഥകൾ, തൊഴിൽ രംഗത്തെ കടുത്ത മത്സരങ്ങൾ എന്നിവയെല്ലാം സാധാരണക്കാരുടെ ബജറ്റിനെ വല്ലാതെ താളംതെറ്റിച്ചുകൊണ്ടിരിക്കുന്നു എന്നത് യാത്ഥാർത്ഥ്യമാണ്.
ഒരുകാലത്ത് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുനൽകിയിരുന്ന ‘ഇക്കണോമിക്’ രാജ്യങ്ങൾ എന്ന പദവിയിൽ നിന്ന്, ഉയർന്ന ജീവിതച്ചിലവുകളുള്ള ‘എക്സ്പൻസീവ്’ രാജ്യങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ മെല്ലെ പരിണമിക്കുകയാണ് എന്നതും സത്യമാണ്. എന്നാൽ, ഈ മാറ്റങ്ങളെ സമയബന്ധിതമായി തിരിച്ചറിയാനോ അതിനനുസരിച്ച് ജീവിതശൈലിയിൽ ക്രമീകരണങ്ങൾ വരുത്താനോ പലരും മറന്നുപോകുന്നുണ്ട് എന്നതാണ് ഖേദകരമായ വാസ്തവം. തങ്ങളുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത ജീവിതരീതി തുടരാൻ നിർബന്ധിതരാകുന്ന നിരവധി പേരാണ് ഇവിടെയുള്ളത്. മുൻപ് സാധ്യമായിരുന്ന ചിലവഴിക്കലുകൾ ഇന്നത്തെ സാഹചര്യത്തിൽ ചേരുന്നതല്ലെന്ന് മനസ്സിലാക്കാൻ വൈകുന്നത് പലരെയും വലിയ സാമ്പത്തിക കെണിയിലാക്കുന്നു.
വരുമാനത്തിന് അനുസൃതമായ ജീവിതത്തിന് പകരം,സ്റ്റാറ്റസ് നിലനിർത്താനുള്ള ആഡംബരങ്ങളും അനാവശ്യ ചിലവുകളും ഒഴിവാക്കാൻ മടിക്കുന്നത് വലിയ ദുരന്തങ്ങൾക്കാണ് പിന്നീട് കാരണമാകുന്നത്. ക്രെഡിറ്റ് കാർഡുകളെയും വ്യക്തിഗത വായ്പകളെയും ദൈനംദിന ജീവിതച്ചിലവുകൾക്കായി ആശ്രയിക്കുന്നതും കടക്കെണി രൂക്ഷമാക്കുന്നു. അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ഒരു മുൻകരുതൽ തുക പോലുമില്ലാതെയാണ് പല കുടുംബങ്ങളും മാസം തള്ളിനീക്കുന്നത്. തൊഴിൽ നഷ്ടപ്പെടുകയോ അല്ലെങ്കിൽ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വരികയോ ചെയ്താൽ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥയിലാണ് പലരും എത്തിനിൽക്കുന്നത്.
പഴയതുപോലെ കാര്യങ്ങൾ മുന്നോട്ടുപോകില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ഒരു ‘റിയാലിറ്റി ചെക്ക്’ നടത്താൻ പ്രവാസി കുടുംബങ്ങൾ തയ്യാറാകണം. പ്രതിമാസ വരുമാനവും ചിലവുകളും കൃത്യമായി കണക്കുകൂട്ടി അനാവശ്യ ചിലവുകൾ പൂർണ്ണമായും വെട്ടിച്ചുരുക്കുക. മാറിയ സാമ്പത്തിക സാഹചര്യത്തിന് അനുസൃതമായി വീട്ടുവാടക, യാത്രകൾ, വിനോദങ്ങൾ എന്നിവയിൽ നിയന്ത്രണം കൊണ്ടുവരിക.ക്രെഡിറ്റ് കാർഡുകളുടെയും ലോണുകളുടെയും പരിധി പരമാവധി കുറയ്ക്കുക. കുറഞ്ഞത് 3 മുതൽ 6 മാസത്തെ ചിലവിനുള്ള തുക കരുതൽ ധനമായി മാറ്റിവെക്കാൻ ശ്രമിക്കുക.
മാറിവരുന്ന ഗൾഫ് സാമ്പത്തിക വ്യവസ്ഥയിൽ പിടിച്ചുനിൽക്കണമെങ്കിൽ പ്രവാസികൾ യാഥാർത്ഥ്യബോധമുള്ളവരായി മാറിയേ തീരൂ. കൃത്യമായ പ്ലാനിംഗും മുൻകരുതലുമില്ലെങ്കിൽ നിലവിലുള്ള ജോലിപോലും ഇല്ലാതാകുന്ന ഘട്ടത്തിൽ സ്വന്തം മണ്ണിലേക്ക് വെറുംകൈയോടെ മടങ്ങേണ്ടി വരുമെന്ന കാര്യം ഓർക്കുന്നത് ഈ കാലത്ത് നല്ലതാണ്.

Leave a Reply