ഓർമ്മയുടെ വെളിച്ചവും മറവിയുടെ ഇരുളും മാറിമാറിവരുന്ന ഒരു നൂൽപാലത്തിലൂടെയുള്ള യാത്രയിലാണ് കുറച്ചുകാലമായി അച്ഛൻ. ചില നേരങ്ങളിൽ എല്ലാം ഓർമ്മയുള്ള അച്ഛൻ, മറ്റു ചിലപ്പോൾ പരിചിതമായ വഴികളിൽ പോലും അപരിചിതനെപ്പോലെ നിൽക്കും.
ഓർമ്മയുടെ ഒരു നേർത്ത വെളിച്ചം അച്ഛന്റെ കണ്ണുകളിൽ തെളിഞ്ഞുനിന്ന അങ്ങനെയൊരു നിമിഷത്തിലാണ്, ആത്മബന്ധത്തിന്റെ ആഴമറിയാൻ ഞാൻ വെറുതെയൊരു ചോദ്യം ചോദിച്ചത്: “അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്തും ശത്രുവും ആരാണ്?”
ചോദ്യം കേട്ട് അച്ഛൻ കുറച്ചുനേരം നിശ്ശബ്ദനായി. ശൂന്യതയിലേക്ക് നോക്കിക്കിടന്ന അച്ഛന്റെ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. പിന്നീട്, എന്റെ കണ്ണുകളിലേക്ക് നോക്കി വളരെ പതുക്കെ, ശാന്തമായി അദ്ദേഹം ആ മറുപടി പറഞ്ഞു: “അത് ഞാൻ തന്നെയാണ്…” ആ പതുക്കെയുള്ള മറുപടി എന്റെ ഉൾക്കാഴ്ചകളെയും ജീവിതത്തോടുള്ള കാഴ്ചപ്പാടുകളെയും ആകെ മാറ്റിമറിച്ചുകളഞ്ഞു.
നാം എപ്പോഴും നമ്മുടെ പരാജയങ്ങൾക്കും ദുഃഖങ്ങൾക്കും കാരണം പുറത്തുള്ള ശത്രുക്കളിലാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു; സന്തോഷത്തിനായി ബാഹ്യലോകത്തെ സുഹൃത്തുക്കളെ തിരഞ്ഞുപോകുന്നു. എന്നാൽ, യഥാർത്ഥ പോരാട്ടം നടക്കുന്നത് നമുക്കുള്ളിൽത്തന്നെയാണെന്ന് അച്ഛൻ എന്നെ പഠിപ്പിക്കുകയായിരുന്നു. നമ്മുടെ ചിന്തകളും ഭയങ്ങളും നമ്മെ തളർത്തുമ്പോൾ നമ്മൾ നമുക്കുതന്നെ ശത്രുവാകുന്നു. അതേസമയം, പ്രതിസന്ധികളിൽ നമ്മൾ നമ്മെത്തന്നെ ചേർത്തുപിടിക്കുമ്പോൾ നമ്മൾ നമ്മുടെ ഏറ്റവും വലിയ സുഹൃത്താകുന്നു. പ്രപഞ്ചത്തിന്റെ മുഴുവൻ നന്മയും തിന്മയും, വിജയവും പരാജയവും, സുഹൃത്തും ശത്രുവും എല്ലാം അടങ്ങിയിരിക്കുന്നത് മറ്റെവിടെയുമല്ല, നമ്മളിൽത്തന്നെയാണ്.
ഓർമ്മകൾ കൈവിട്ടുപോകുമ്പോഴും അച്ഛന്റെ ഉള്ളിലെ ആത്മാവ് എത്രമാത്രം ഉണർന്നിരിക്കുന്നു എന്ന് ഞാൻ അതിശയത്തോടെ തിരിച്ചറിഞ്ഞു. ഹൃദയം ഒന്ന് നനഞ്ഞ ആ നിമിഷത്തിൽ, ഞാൻ അച്ഛന്റെ ചുക്കിച്ചുളിഞ്ഞ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചു. അപ്പോൾ എന്റെ മനസ്സ് പതിയെ മന്ത്രിക്കുന്നുണ്ടായിരുന്നു… “അഹം ബ്രഹ്മാസ്മി!”

Leave a Reply